Audiopedia Corona Campaign

എന്താണ് കൊറോണ, ഇതിനെക്കുറിച്ച് എനിക്ക് എന്തുചെയ്യാൻ കഴിയും?

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണാ അഥവാ കൊറോണ വൈറസ് എന്ന വളരെ ചെറിയ അണുക്കൾ ജനങ്ങളിൽ രോഗം വരുത്താനും അത് മറ്റുള്ളവർക്ക് പടർത്താനും കഴിവുള്ളവയാണ്. കഫമില്ലാത്ത ചുമ, ശ്വാസ തടസ്സം, പനി, ശരീര വേദന എന്നിങ്ങനെ പകര്‍ച്ചപ്പനി വന്നാലുള്ള പോലെയുള്ള രോഗലക്ഷണങ്ങൾ കൊറോണ പിടിപെട്ടവർക്കുണ്ടാകുന്നു. പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് കൊറോണ ബാധിക്കുന്നത്. കോറോണ ബാധ മിക്കതും അപകടകാരിയല്ലെങ്കിലും, ഇത് ന്യൂമോണിയക്കു (ഗുരുതര ശ്വാസകോശ രോഗാണുബാധ) കാരണമായേക്കാം.

കൊറോണ ബാധ ആർക്കുവേണമെങ്കിലും വരാം. പ്രായമായവരിലും, ശ്വാസരോഗങ്ങൾ, ക്യാൻസർ, പ്രമേഹം എന്നിങ്ങനെയുള്ള രോഗമുള്ളവരിലും ഈ രോഗം പിടിപെടാനും ഗുരുതരമാകാനുമുള്ള സാധ്യത ഏറെയുണ്ട്.

കൊറോണ ബാധിതനായ രോഗി ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ ശ്വാസം പുറത്തുവിടുമ്പോഴോ തെറിക്കുന്ന സ്രവ കണങ്ങൾ അടുത്തുള്ള ആളുകളുടെ ശരീരത്തിലോ, പ്രതലത്തിലോ, ഭക്ഷണത്തിലോ വീഴാനിടയായാൽ രോഗം പകരുന്നു. ഒരിക്കൽ ശരീരത്തിൽ പ്രവേശിച്ചാൽ ഇത് പെരുകി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പടരുന്നു. കൊറോണ ബാധിച്ചയാൾക്കു അതിന്റെ ലക്ഷണങ്ങൾ പുറമേക്ക് കാണിക്കാൻ 14 ദിവസം വരെയെടുക്കാം. അതുകൊണ്ടു, കൊറോണ ബാധിച്ചിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാൻ കഴിയാതെ വരികയും മറ്റുള്ളവരിലേക്ക് രോഗം പടർത്താനിട വരികയും ചെയ്യുന്നു.

കോറോണ പ്രതിരോധ മരുന്നുകളോ (വാക്സിൻ) അതിന്റെ ചികിത്സക്കുള്ള മരുന്നുകളോ ഇപ്പോഴില്ല. ആന്റിബയോട്ടിക്കുകൾക്കോ ഗൃഹവൈദ്യത്തിനോ കോറോണയെ കൊല്ലാൻ കഴിയില്ല. വൈറസ്സുമായി സമ്പർക്കത്തിൽ വരാതെ നോക്കുന്നതും, സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുന്നതും മാത്രമാണ് കൊറോണ വരാതിരിക്കാനുള്ള ഏക പ്രതിവിധി.

രോഗം വരാതിരിക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകി ശുചിയാക്കണം. കൈകളിൽ അഴുക്കൊന്നും പുരണ്ടിട്ടില്ലെങ്കിലും ഇങ്ങനെ ചെയ്യണം. കൈയ്യിലേക്ക് വെള്ളം ഒഴിച്ച് നനച്ച ശേഷം സോപ്പോ, സോപ്പ് ലായനിയോ ഉപയോഗിച്ച് 20 സെക്കൻഡ് നേരം രണ്ടു കൈകളുടെയും എല്ലാഭാഗത്തും വിരലുകൾക്കിടയിലും നഖങ്ങളിലും സോപ്പ് പതിയാൻ പാകത്തിൽ വിരലുകൾ കൂട്ടിപിണച്ചും കൈപ്പത്തികൾ പരസ്പരം പിണച്ചും കണങ്കൈ വരെ വൃത്തിയാകുന്ന വിധത്തിൽ കഴുകിയ ശേഷം, ഒന്നുകൂടി ഒഴുക്ക് വെള്ളത്തിൽ കഴുകണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുമ്പോൾ, നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിക്കാനിടവന്നിട്ടുള്ള വൈറസുകൾ കൊല്ലപ്പെടുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും, ഇടക്കും, ചെയ്തുകഴിഞ്ഞും, ശുചി മുറികൾ ഉപയോഗിച്ചതിന് ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും, അസുഖ ബാധിതരെ ശുശ്രൂഷിക്കുമ്പോഴും, മൃഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കഴിഞ്ഞാലോ, മൃഗാവശിഷ്ടങ്ങൾ കൈകാര്യം ചെയ്താലോ, തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ, മൂക്ക് ചീറ്റുമ്പോഴോ ഒക്കെത്തന്നെ നിങ്ങൾ കൈകൾ വൃത്തിയായി കഴുകണം.

കൈകൾ കഴുകി വൃത്തിയാക്കാതെ ഒരിക്കലും നിങ്ങൾ കണ്ണിലോ, മൂക്കിലോ, വായിലോ തൊടരുത്. പല പ്രതലങ്ങളിലും പതിക്കുന്ന കൈകളിൽ വൈറസുകൾ പറ്റിപ്പിടിക്കാനിടയുണ്ട്. അങ്ങനെ മലിനമായ കൈകൾ കണ്ണിലും, മൂക്കിലും വായിലും വൈറസുകൾ പ്രവേശിപ്പിക്കാനിടവരുത്തും. അവിടെനിന്നും വൈറസുകൾ നിങ്ങളുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും നിങ്ങൾ രോഗബാധിതാനാവുകയും ചെയ്യും.
പനി, ചുമ അല്ലെങ്കിൽ മറ്റ് ശ്വാസസംബന്ധമായ ലക്ഷണങ്ങളുള്ള ആരുമായും അടുത്ത ബന്ധം ഒഴിവാക്കുന്നത് വളരെ പ്രധാനമാണ്. ചുമ അല്ലെങ്കിൽ തുമ്മൽ വരുമ്പോൾ, എല്ലായ്പ്പോഴും നിങ്ങളുടെ വായും മൂക്കും നിങ്ങളുടെ കൈമുട്ട് അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് മൂടുക. ഉപയോഗിച്ച ടിഷ്യു ഉടനടി കളയുക. പൊതുസ്ഥലത്തിൽ തുപ്പരുത്.

ചുമയോ തുമ്മലോ ഉള്ള ഓരാളും നിങ്ങളും തമ്മിൽ കുറഞ്ഞത് 1 മീറ്റർ (3 അടി) ദൂരമെങ്കിലും പാലിക്കുക. പനിയോ ചുമയോ ഉള്ള ആളുമായി അടുത്ത ബന്ധം ഒഴിവാക്കുക.

പനി, ചുമ, അല്ലെങ്കിൽ ശ്വാസ തടസമുള്ള ഒരു വ്യക്തിയെ നിങ്ങൾ പരിചരിക്കേണ്ടതുണ്ടെങ്കിൽ, ഒരു സംരക്ഷണ മാസ്ക് അല്ലെങ്കിൽ തുണി മാസ്ക് ധരിക്കാൻ മറക്കരുത്, പ്രത്യേകിച്ചും, കൈകളുടെ ശുചിത്വം പാലിക്കുക.

മറ്റുള്ളവരുമായുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുന്നത് കൊറോണ തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ്. ഒരാൾക്ക് കൈ കൊടുത്തതിനുശേഷം ആ കൈകൾകൊണ്ട് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ് എന്നിവ സ്പർശിക്കുന്നതിലൂടെ കൊറോണയും മറ്റ് വൈറസുകളും പകരും. അതിനാൽ മറ്റുള്ളവരെ കണ്ടുമുട്ടുമ്പോൾ, കൈ കൊടുക്കുക്കയോ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്തുകൊണ്ട് അവരെ എതിരേൽക്കരുത്. പകരം കൈ വീശിയോ, തലയാട്ടിയോ അല്ലെങ്കിൽ കൈ കൂപ്പി വണങ്ങിയോ ആളുകളെ അഭിവാദ്യം ചെയ്യുക. നിങ്ങളുടെ പ്രദേശത്ത് കൊറോണ ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുക .

തലവേദന, മൂക്കൊലിപ്പ് പോലുള്ള നേരിയ ലക്ഷണങ്ങളോടെയാണെങ്കിലും നിങ്ങൾക്ക് അസുഖം പോലെ തോന്നുന്നുവെങ്കിൽ സുഖം പ്രാപിക്കുന്നതുവരെ വീട്ടിൽ തന്നെ തുടരുക. തുമ്മലോ, കഫമില്ലാത്ത ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, പനി എന്നിവ ഉണ്ടെങ്കിൽ, ഉടൻ വൈദ്യസഹായം തേടുക. കാരണം ഇത് ശ്വാസകോശ സംബന്ധമായ അണുബാധയോ മറ്റ് ഗുരുതരമായ അവസ്ഥയോ ആവാം.

കൊറോണയെക്കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങളും കിംവദന്തികളും വളരെ അപകടകരമാണ്, മാത്രമല്ല ഇവ മരണത്തിനു വരെ ഇടവരുത്താം. ഉദാഹരണത്തിന്, ബ്ലീച്ച് അല്ലെങ്കിൽ ചാരായം പോലുള്ള വസ്തുക്കൾ കുടിക്കുന്നത്, കൊറോണയെ തടയുന്നതിനുപകരം നിങ്ങളെ അപായപ്പെടുത്തും. സുഹൃത്തുക്കളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പോലും തെറ്റോ അല്ലെങ്കിൽ അപകടകരമോ ആവാം. നിങ്ങളുടെ പ്രാദേശിക ആരോഗ്യ പ്രവർത്തകർ നൽകുന്ന ശരിയായ പൊതുജനാരോഗ്യ ഉപദേശങ്ങൾ മാത്രം ചെവിക്കൊള്ളുക.

ഈ സന്ദേശം പ്രചരിപ്പിക്കുന്നതിലൂടെ കൊറോണയ്‌ക്കെതിരെ പോരാടാൻ നിങ്ങൾക്ക് സഹായിക്കാനാകും. വാട്ട്‌സ്ആപ്പ് പോലുള്ള മെസ്സേജിങ് സേവനങ്ങൾ ഉപയോഗിച്ച് ഇത് നിങ്ങളുടെ ചങ്ങാതിമാരുമായും കുടുംബവുമായും പങ്കിടുക.

ആരോഗ്യ പരിജ്ഞാനം എല്ലാവരിലും എത്തിക്കുന്നതിനുള്ള ആഗോള പദ്ധതിയായ ഓഡിയോപീഡിയയാണ് ഈ പ്രമേയം ലഭ്യമാക്കിയിരിക്കുന്നത്. www.audiopedia.org -ൽ നിന്ന് കൂടുതലറിയുക